Thursday, June 11, 2015

ഉപ്പൂത്തി ഇലയിലെ ഉപ്പുമാവ് !

സ്കൂളിലേക്കു പുറപ്പെടുമ്പോള്‍ പാലു വാങ്ങാനുള്ള തൂക്കുപാത്രവും ഉപ്പുമാവു വാങ്ങാനൊരു ഇലയും ഒരിക്കലും എടുക്കാന്‍ മറന്നിരുന്നില്ല, സ്ലേറ്റും ബുക്കും മറന്നാലും ! പാലിനും ഉപ്പുമാവിനും രണ്ടിടത്തായി ക്യൂ നില്‍ക്കണം. കയ്യൂക്കുള്ള വര്‍ ക്യൂവില്‍ ആദ്യം സ്ഥാനം പിടിക്കുക എന്നതായിരുന്നു പതിവ്. ഞാനൊരു പാവം മണുങ്ങനായിരുന്നതിനാല്‍ പലപ്പോഴും വാലറ്റത്തേ ഇടം കിട്ടാറുള്ളു. ഒരു ദിവസം പാലു വാങ്ങി ഉപ്പുമാവിനായി വരി നിന്നെങ്കിലും എന്റെ തൊട്ടു മുന്നിലെ കുട്ടി വരെ എത്തിയപ്പോഴേക്കും ചെമ്പു കാലിയായി. “ഇന്നു കിട്ടാത്തോല്‍ക്ക് നാളെ ആദ്യം തരാം” എന്ന പതിവു വാഗ്ദാനവുമായി വിളമ്പുകാരന്‍ മാഷ് മൂടും തട്ടിപ്പോയി. മറ്റു പല കുട്ടികള്‍ക്കു ഈ ഗതികേടു പതിവായിരുന്നെങ്കിലും മാഷെ മകന്‍ എന്ന പരിഗണനയുണ്ടായിരുന്നതിനാല്‍ എനിക്ക് അങ്ങനെയൊരനുഭവം മുമ്പുണ്ടായിരുന്നില്ല. മാഷിനു സംഗതി നിസ്സാരമായിരുന്നെങ്കിലും എന്റെ കുരുന്നു മനസ്സില്‍ “അന്നേറ്റ കിടിലമൊരു വിള്ളലായ് ഇന്നുമുണ്ടെ”ന്നതിന്റെ തെളിവാണു ഇന്നും “പൊടുവണ്ണി”യില കാണുമ്പോള്‍ ആ ദുര്‍ദിനം ഓര്‍മ്മ വരുന്നു എന്നത് !! ------------------ ഇത്തരം കുഞ്ഞനുഭവങ്ങള്‍ പക്ഷെ എന്റെ അധ്യാപന ജീവിതത്തില്‍ വളരെ പോസിറ്റിവായി പ്രയോജനപ്പെട്ടു. നമ്മള്‍ മുതിര്‍ന്നവര്‍ നിസ്സാരമായി കരുതുന്ന പലതും കുഞ്ഞുങ്ങളുടെ മനസ്സില്‍ അത്യന്തം സ്ഫോടനാത്മകമായ പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികളെ കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടായിരിക്കണം ! ഞാന്‍ കുട്ടികളോടു പെരുമാറുമ്പോള്‍ ആ പ്രായത്തില്‍ ഞാനെങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു മാത്രമേ കൈകാര്യം ചെയ്യാറുള്ളു. !! എന്റെ പ്രൈമറി അധ്യാപകരെ ഈ വക കാര്യങ്ങളിലൊന്നും ഞാന്‍ മാതൃകയായി സ്വീകരിച്ചിട്ടില്ല. കാരണം അവര്‍ക്കൊന്നും കുട്ടികളുടെ മനശാസ്ത്രം അറിഞ്ഞു പെരുമാറാനുള്ള അറിവുണ്ടായിരുന്നില്ല എന്നതു തന്നെ ! ഗുരുനാഥന്മാരെ കുറ്റപ്പെടുത്തുകയല്ല, അന്നത്തെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും സമീപനരീതിയുമൊക്കെ അങ്ങനെയായിരുന്നു.

2 comments:

  1. നമ്മള്‍ മുതിര്‍ന്നവര്‍ നിസ്സാരമായി കരുതുന്ന പലതും കുഞ്ഞുങ്ങളുടെ മനസ്സില്‍ അത്യന്തം സ്ഫോടനാത്മകമായ പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികളെ കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടായിരിക്കണം
    നല്ല സന്ദേശം

    ReplyDelete
  2. പൊടുവണ്ണി ഗൂഗിളിൽ അന്വേഷിച്ചെത്തിയ എനിക്ക് ജബ്ബാർ മാഷിന്റെ ഈ ഓർമയും അതിലെ പാഠവും സുഖമുള്ള ഒരു അനുഭവമായി. നന്ദി.

    ReplyDelete