Thursday, June 11, 2015
ഒരു കുടയും കുഞ്ഞു ഓര്‍മ്മകളും !
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം ; നല്ല മഴയുള്ള ഒരു ദിവസം കുട പതിവു പോലെ സ്കൂളിന്റെ പുറത്തെ ജനാലയില്‍ കെട്ടിവെച്ചാണു ക്ലാസില്‍ പോയി ഇരുന്നത്. ഉച്ചയ്ക്കു സ്കൂള്‍ വിട്ടു വീട്ടില്‍ പോകാനായി കുടയെടുക്കാന് ചെന്നു, ജനാലയിലെന്റെ കുടയില്ല ! ബേജാറോടെ ചുറ്റും നോക്കി “എന്റെ കുട പോയീ “ എന്നു കരഞ്ഞു വിളിച്ചു കൊണ്ട് അകത്തേക്കോടി. ബാപ്പ അന്നു അതേ സ്കൂളിലെ മാഷായിരുന്നു. ബഹളം കേട്ടു ബാപ്പ വന്നു ദേഷ്യപ്പെട്ടു പലതും പറഞ്ഞു. അപ്പോഴേക്കും കൂട്ടുകാരന്‍ മൊയ്തീന്‍ കുട്ടി ഓടിക്കിതച്ചു വന്ന് പറഞ്ഞു. “റോട്ടില്‍ ഒരു പജ്ജ് കുട കടിച്ചുതിന്നുണുണ്ട് “ എല്ലാരും അങ്ങോട്ട് ഓടി. അപ്പോഴേക്കു കുടയുടെ എല്ലും കോലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു . ഓലയെല്ലാം പശു അകത്താക്കിക്കഴിഞ്ഞു. ബാപ്പ തന്നെ ഓടിച്ചെന്ന് ബാക്കിയുള്ള അസ്ഥികള്‍ പശുവില്‍ നിന്നും വലിച്ചു മാറ്റി. കുട മര്യാദയ്ക്ക് കെട്ടി വെക്കാത്തതിനും പശുവിനെ സ്കൂളില്‍ കയറ്റിയതിനുമൊക്കെ കുറ്റം പറഞ്ഞു കൊണ്ട് ബാപ്പ പറഞ്ഞു :- “ഇക്കൊല്ലം ഇനി വാഴന്റെ എല മതി അനക്ക്” . അങ്ങനെ ആ കൊല്ലം മഴയത്തു ചേമ്പിലയും വാഴയിലയുമായി ട്ടാണു സ്കൂളില്‍ പോയത്. അടുത്ത കൊല്ലം 4ആംക്ലാസില്‍ പുതിയ കുട കിട്ടി. രണ്ടു കൊല്ലത്തേക്കാണു ഒരു കുട വാങ്ങുക. പശു തിന്നത് ഓല ദ്രവിച്ച രണ്ടാം കൊല്ല ക്കുടയായിരുന്നു. സ്കൂളിനടുത്തു തന്നെ കുടയുണ്ടാക്കി വില്‍ക്കുന്ന കുടുംബം താമസിച്ചിരുന്നു.. എട്ടണ (50 പൈസ) യാണു ഒരു പുത്തന്‍ കുടയുടെ അന്നത്തെ വില. എല്ലാ കൊല്ലവും 50 പൈസ മുടക്കി പുത്തന്‍കുട വാങ്ങാനൊന്നുമുള്ള ശേഷി അന്ന് ഒരു സ്കൂള്‍ മാഷിനു പോലും ഇല്ല. സഹപാഠികളില്‍ പലര്‍ക്കും വാഴയിലയും ചേമ്പിലയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരില്‍ ചിലര്‍ക്കെങ്കിലും അന്ന് എന്റെ കുട തിന്ന പജ്ജിനോട് പെരുത്ത് ഇഷ്ടം തോന്നിയിരുന്നു. അസൂയ ! അതെന്നെ കാര്യം !!
Subscribe to:
Post Comments (Atom)
ഓർമകൾ.... :)
ReplyDeleteഅന്നു പശുവിനോടാണങ്കിൽ
ReplyDeleteഇന്നു താങ്കളുടെ
അറിവിനോടാണു
അസൂയ.....
ഞാൻ സാറിന്റെ ആരാധകനാണ് ഒരു വർഷത്തോളം ആയിട്ടുള്ളു സാറിന്റെ സ്പീച് കേൾക്കാൻ തുടങ്ങിയിട്ടുഅതും നെറ്റിലൂടെ ഇപ്പൊ ബ്ലോഗിൽ കയറിയപ്പോ ഒരുപാടു വിഷയങ്ങൾ വായിക്കാൻ പറ്റി നേരിട്ടു കാണാനും പ്രസംഗം കേൾക്കാനും അവസരം ഉണ്ടാവണം എന്നാണ് ആഗ്രഹം.. എന്റെ ചെറുപ്പത്തിൽ തുടങ്ങിയതാണ് യുക്‌തിവാദവും നിരീശ്വരവാദവും ഞാൻ കോഴിക്കോട് നിവാസിയാണ്...
ReplyDelete