സമാനമായ ഒരു അധ്യായം ????????
ഓര്‍മ്മക്കുറിപ്പുകള്‍
Thursday, June 25, 2015
Thursday, June 11, 2015
ഒരു കുടയും കുഞ്ഞു ഓര്‍മ്മകളും !
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം ; നല്ല മഴയുള്ള ഒരു ദിവസം കുട പതിവു പോലെ സ്കൂളിന്റെ പുറത്തെ ജനാലയില്‍ കെട്ടിവെച്ചാണു ക്ലാസില്‍ പോയി ഇരുന്നത്. ഉച്ചയ്ക്കു സ്കൂള്‍ വിട്ടു വീട്ടില്‍ പോകാനായി കുടയെടുക്കാന്‍ ചെന്നു, ജനാലയിലെന്റെ കുടയില്ല ! ബേജാറോടെ ചുറ്റും നോക്കി “എന്റെ കുട പോയീ “ എന്നു കരഞ്ഞു വിളിച്ചു കൊണ്ട് അകത്തേക്കോടി. ബാപ്പ അന്നു അതേ സ്കൂളിലെ മാഷായിരുന്നു. ബഹളം കേട്ടു ബാപ്പ വന്നു ദേഷ്യപ്പെട്ടു പലതും പറഞ്ഞു. അപ്പോഴേക്കും കൂട്ടുകാരന് മൊയ്തീന് കുട്ടി ഓടിക്കിതച്ചു വന്ന് പറഞ്ഞു. “റോട്ടില് ഒരു പജ്ജ് കുട കടിച്ചുതിന്നുണുണ്ട് “ എല്ലാരും അങ്ങോട്ട് ഓടി. അപ്പോഴേക്കു കുടയുടെ എല്ലും കോലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു . ഓലയെല്ലാം പശു അകത്താക്കിക്കഴിഞ്ഞു. ബാപ്പ തന്നെ ഓടിച്ചെന്ന് ബാക്കിയുള്ള അസ്ഥികള്‍ പശുവില്‍ നിന്നും വലിച്ചു മാറ്റി. കുട മര്യാദയ്ക്ക് കെട്ടി വെക്കാത്തതിനും പശുവിനെ സ്കൂളില്‍ കയറ്റിയതിനുമൊക്കെ കുറ്റം പറഞ്ഞു കൊണ്ട് ബാപ്പ പറഞ്ഞു :- “ഇക്കൊല്ലം ഇനി വാഴന്റെ എല മതി അനക്ക്” . അങ്ങനെ ആ കൊല്ലം മഴയത്തു ചേമ്പിലയും വാഴയിലയുമായി ട്ടാണു സ്കൂളില്‍ പോയത്. അടുത്ത കൊല്ലം 4ആംക്ലാസില്‍ പുതിയ കുട കിട്ടി. രണ്ടു കൊല്ലത്തേക്കാണു ഒരു കുട വാങ്ങുക. പശു തിന്നത് ഓല ദ്രവിച്ച രണ്ടാം കൊല്ല ക്കുടയായിരുന്നു. സ്കൂളിനടുത്തു തന്നെ കുടയുണ്ടാക്കി വില്‍ക്കുന്ന കുടുംബം താമസിച്ചിരുന്നു.. എട്ടണ (50 പൈസ) യാണു ഒരു പുത്തന്‍ കുടയുടെ അന്നത്തെ വില. എല്ലാ കൊല്ലവും 50 പൈസ മുടക്കി പുത്തന്‍കുട വാങ്ങാനൊന്നുമുള്ള ശേഷി അന്ന് ഒരു സ്കൂള്‍ മാഷിനു പോലും ഇല്ല. സഹപാഠികളില്‍ പലര്‍ക്കും വാഴയിലയും ചേമ്പിലയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരില്‍ ചിലര്‍ക്കെങ്കിലും അന്ന് എന്റെ കുട തിന്ന പജ്ജിനോട് പെരുത്ത് ഇഷ്ടം തോന്നിയിരുന്നു. അസൂയ ! അതെന്നെ കാര്യം !!
ഉപ്പൂത്തി ഇലയിലെ ഉപ്പുമാവ് !
സ്കൂളിലേക്കു പുറപ്പെടുമ്പോള്‍ പാലു വാങ്ങാനുള്ള തൂക്കുപാത്രവും ഉപ്പുമാവു വാങ്ങാനൊരു ഇലയും ഒരിക്കലും എടുക്കാന്‍ മറന്നിരുന്നില്ല, സ്ലേറ്റും ബുക്കും മറന്നാലും !
പാലിനും ഉപ്പുമാവിനും രണ്ടിടത്തായി ക്യൂ നില്‍ക്കണം. കയ്യൂക്കുള്ള വര് ക്യൂവില്‍ ആദ്യം സ്ഥാനം പിടിക്കുക എന്നതായിരുന്നു പതിവ്. ഞാനൊരു പാവം മണുങ്ങനായിരുന്നതിനാല് പലപ്പോഴും വാലറ്റത്തേ ഇടം കിട്ടാറുള്ളു.
ഒരു ദിവസം പാലു വാങ്ങി ഉപ്പുമാവിനായി വരി നിന്നെങ്കിലും എന്റെ തൊട്ടു മുന്നിലെ കുട്ടി വരെ എത്തിയപ്പോഴേക്കും ചെമ്പു കാലിയായി. “ഇന്നു കിട്ടാത്തോല്ക്ക് നാളെ ആദ്യം തരാം” എന്ന പതിവു വാഗ്ദാനവുമായി വിളമ്പുകാരന് മാഷ് മൂടും തട്ടിപ്പോയി. മറ്റു പല കുട്ടികള്‍ക്കു ഈ ഗതികേടു പതിവായിരുന്നെങ്കിലും മാഷെ മകന് എന്ന പരിഗണനയുണ്ടായിരുന്നതിനാല് എനിക്ക് അങ്ങനെയൊരനുഭവം മുമ്പുണ്ടായിരുന്നില്ല.
മാഷിനു സംഗതി നിസ്സാരമായിരുന്നെങ്കിലും എന്റെ കുരുന്നു മനസ്സില്‍ “അന്നേറ്റ കിടിലമൊരു വിള്ളലായ് ഇന്നുമുണ്ടെ”ന്നതിന്റെ തെളിവാണു ഇന്നും “പൊടുവണ്ണി”യില കാണുമ്പോള്‍ ആ ദുര്‍ദിനം ഓര്‍മ്മ വരുന്നു എന്നത് !!
------------------
ഇത്തരം കുഞ്ഞനുഭവങ്ങള്‍ പക്ഷെ എന്റെ അധ്യാപന ജീവിതത്തില്‍ വളരെ പോസിറ്റിവായി പ്രയോജനപ്പെട്ടു. നമ്മള് മുതിര്‍ന്നവര്‍ നിസ്സാരമായി കരുതുന്ന പലതും കുഞ്ഞുങ്ങളുടെ മനസ്സില്‍ അത്യന്തം സ്ഫോടനാത്മകമായ പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികളെ കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടായിരിക്കണം !
ഞാന്‍ കുട്ടികളോടു പെരുമാറുമ്പോള്‍ ആ പ്രായത്തില്‍ ഞാനെങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു മാത്രമേ കൈകാര്യം ചെയ്യാറുള്ളു. !!
എന്റെ പ്രൈമറി അധ്യാപകരെ ഈ വക കാര്യങ്ങളിലൊന്നും ഞാന്‍ മാതൃകയായി സ്വീകരിച്ചിട്ടില്ല. കാരണം അവര്‍ക്കൊന്നും കുട്ടികളുടെ മനശാസ്ത്രം അറിഞ്ഞു പെരുമാറാനുള്ള അറിവുണ്ടായിരുന്നില്ല എന്നതു തന്നെ ! ഗുരുനാഥന്മാരെ കുറ്റപ്പെടുത്തുകയല്ല, അന്നത്തെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും സമീപനരീതിയുമൊക്കെ അങ്ങനെയായിരുന്നു.
Subscribe to:
Posts (Atom)